• Sunday, 7th December, 2025 10:28 PM

ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനമായി; ഒപ്പം തര്‍ക്കവും

എരുമേലി : എരുമേലി ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നിര്‍മ്മാ ണത്തിനായി നിര്‍ദ്ദിഷ്ട ഭൂമി ഏറ്റെടുക്കാനുള്ള 11 (1) വിജ്ഞാപനം ഇറങ്ങി. റവന്യു വകുപ്പ് പദ്ധതിപ്രദേശത്തെ ഭൂവുടമകള്‍ക്ക് നോട്ടിസ് നല്‍കും. ഏറ്റെടുക്കുന്ന വസ്തു വീണ്ടും സര്‍വേ നടത്തി സര്‍വേ നമ്പര്‍ സഹിതമുള്ള രൂപരേഖ തയാറാക്കും. മണിമല പഞ്ചായത്തിലെ കറിക്കാട്ടൂര്‍, മുക്കട മേഖലകളും, എരുമേലി തെക്ക് വില്ലേജിലെ ഒഴക്കനാട് വാര്‍ഡിലെ അടക്കം 1039.876 (2,570 ഏക്കര്‍) ഹെക്ടറാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും, 121.876 ഹെക്ടര്‍ സ്വക സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ 11നാണ് സംസ്ഥാന സര്‍ക്കാരിന് പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചത്. ഇതോടെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പ്രവേശിച്ചത്. ഉടമകള്‍ക്ക് 60 ദിവസം വരെ നടപടികളില്‍ ആക്ഷേപം അറിയിക്കാം. ഇതിന് സ്‌പെഷല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്തീര്‍ണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉള്‍പ്പെടെയാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം ഉടമകള്‍ക്കും സമീപവസ്തു ഉടമകള്‍ക്കും നോട്ടിസ് നല്‍കി സ്ഥലം അളന്നു തിട്ടപ്പെടുത്തും.ഇതിന് ശേഷം കാറ്റഗറി തിരിച്ച് സ്ഥലമൂല്യം കണക്കാക്കും. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്ന ജോലിയും തുടരും. 11(1) വിജ്ഞാപനം ഇറങ്ങിയശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലമേ റ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്നാ ണ് ചട്ടം. എന്നാല്‍ എരുമേലി നിര്‍ദ്ദിഷ്ട ശബരി വിമാനത്താവള പദ്ധതിക്ക് വീണ്ടും നടപടികള്‍ തുടങ്ങുമ്പോള്‍ നിയമ നടപടികളും ഒപ്പം. പദ്ധതിക്ക് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന ചെറുവള്ളി എസ് സ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രധാന തടസ്സമായി വരാന്‍ പോകുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആദ്യഘട്ടത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതിനിടെ പദ്ധതിക്ക് താത്ക്കാലിക തടസ്സം നേരിട്ടിരുന്നു. എന്നാല്‍ രണ്ടാം ഘട്ടമായി വീണ്ടും പദ്ധതി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരവും – അനുബന്ധ നടപടികള്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട് . നഷ്ട പരിഹാരം സംബന്ധിച്ചുള്ള വിവരങ്ങളാണ് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് ആശങ്കയായിത്തീര്‍ന്നിരിക്കുന്നത്. എന്നാല്‍ ആദ്യ വിജ്ഞാപനം ഹൈക്കോടതി ഇടപെടലില്‍ റദ്ദാക്കിയിരുന്നു. സ്വതന്ത്ര ഏജന്‍സി നടത്തേണ്ട സാമൂഹിക ആഘാത പഠനം സര്‍ക്കാര്‍ ബന്ധമുള്ള ഏജന്‍സി നടത്തി എന്നത് ഉള്‍പ്പടെ പിഴവുകള്‍ ഉന്നയിച്ച് ചെറുവള്ളി എസ്റ്റേറ്റ് അധികൃതര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആദ്യ വിജ്ഞാപനം റദ്ദായത്. ഈ പിഴവുകള്‍ പരിഹരിച്ചാണ് വീണ്ടും പഠനവും വിദഗ്ധ സമിതിയുടെ ശുപാര്‍ശയുമായി ഇപ്പോള്‍ പുതിയ വിജ്ഞാപനമായിരിക്കുന്നത്. എന്നാല്‍ ഈ വിജ്ഞാപനത്തിലും പിഴവുകള്‍ ഉന്നയിച്ച് പാലാ സബ് കോടതിയില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കവും ഭൂമി ഏറ്റെടുക്കലിന് തടസമായി വീണ്ടും

വരാനുള്ള സാധ്യതയുണ്ട്. ഈ ജൂണില്‍ വിസ്താരം ആരംഭിക്കുന്ന കേസിന്റെ തുടര്‍ നടപടികള്‍ വരുന്ന മുറക്കാണ് സര്‍ക്കാരിന് നടപടികള്‍ മുന്നോട്ട് പോകാന്‍ കഴിയുകയൊള്ളൂ.

Share this: