- Sunday, 7th December, 2025 10:28 PM
കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ മാർ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയൻ കോളജിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട വൈദിക ദിനം മാർ ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തപ്പെട്ടത്. ഖുഥ്അ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ ഒപ്പീസ് പ്രാർത്ഥന നടത്തി. രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം മാർ ഫ്രാൻസിസ് പാപ്പ അനുസ്മരണ സന്ദേശം നല്കി. ആർദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിൻ്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത മാർ ഫ്രാൻസിസ് പാപ്പ ക്രൈസ്തവ ശിഷ്യത്വത്തിൻ്റെ നല്ല മാതൃകയായിരുന്നുവെന്ന് മാർ ജോസ് പുളിക്കൽ വൈദികർക്ക് നല്കിയ സന്ദേശത്തിൽ ഓർമിപ്പിച്ചു. മാർ ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷ നടത്തപ്പെടുന്ന ശനിയാഴ്ച്ച രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പരിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് നടത്തുകയും ചെയ്യേണ്ടതാണെന്നും അന്നേ ദിവസം രൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് മാർ ജോസ് പുളിക്കൽ അറിയിച്ചു.
രൂപത സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖമായി സംസാരിച്ച സമ്മേളനത്തിൽ രൂപതയിലെ വൈദികഗണം പങ്കുചേർന്നു. കുട്ടിക്കാനം മരിയൻ കോളജിൽ നടത്തപ്പെട്ട സംഗമത്തിൻ്റെ ക്രമീകരണങ്ങൾക്ക് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. വർഗ്ഗീസ് പേഴുംകാട്ടിൽ, മരിയൻ കോളജിലെ വൈദികർ എന്നിവർ നേതൃത്വം നല്കി.